തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി; ബജറ്റ് കീറിയെറിഞ്ഞ് കോണ്‍ഗ്രസ്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ പ്രതിപക്ഷ കയ്യാങ്കളി. ബജറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. അമൃതം മാസ്റ്റര്‍ പ്ലാന്‍ കരട് കൗണ്‍സില്‍ അറിയാതെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജന്‍ പല്ലനാണ് പ്രതിഷേധവുമായി എത്തിയത്.

ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്റെ ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള വായന ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. മേയറുടെ ചേമ്പറില്‍ കയറി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിപക്ഷം മേയറുടെ മൈക്ക് പിടിച്ച് വാങ്ങിയതോടെ ഭരണപക്ഷവും കൗണ്‍സില്‍ ഹാളിലേക്ക് ഇറങ്ങി. തുടര്‍ന്ന് നടന്ന വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

പൊതു മുതല്‍ നശിപ്പിച്ച പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, എകെ സുരേഷ്, ലാലി ജെയിംസ് എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ച ബജറ്റ് പാസാക്കി.