പിങ്ക് പൊലീസ് പരസ്യവിചാരണ; നഷ്ടപരിഹാര തുക നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാര തുക നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കാണെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. അപ്പീല്‍ ഹര്‍ജി അവധിക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.

ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, സിഎസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 50 ലക്ഷം രൂപയാണ് പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്.

കഴിഞ്ഞ ഒക്ടോബറില്‍ ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. പിന്നീട് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്ന് കണ്ടത്തിയിരുന്നു.