രാജസ്ഥാനിലെ സരിസ്‌ക കടുവ സംരക്ഷണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാന്‍ ഹെലികോപ്റ്ററുകള്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വാറിലെ സരിസ്‌ക കടുവ സങ്കേതത്തിലെ വനമേഖലയില്‍ വന്‍ തീപിടിത്തം. 24 മണിക്കൂറിലേറെയായി തീപടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തീ അണയ്ക്കാന്‍ ഐഎഎഫ് രണ്ട് എംഐ 17 വി 5 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സരിസ്‌ക കടുവ സങ്കേതത്തില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് 10 ചതുരശ്ര കിലോമീറ്ററിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലാ ഭരണകൂടം തീ അണയ്ക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. ഇപ്പോള്‍ തീ നിയന്ത്രണാതീതമായതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സുദര്‍ശന്‍ ശര്‍മ്മ പറഞ്ഞു.

തീപിടിത്തമുണ്ടായ പ്രദേശത്ത് കടുവകളും കുഞ്ഞുങ്ങളും ഉള്ളതില്‍ ആശങ്കയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവില്‍ താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 800 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആരവലി മലനിരകളിലാണ് സരിസ്‌ക ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്.