കൊച്ചി: നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ലോ കൗൺസിൽ സ്റ്റാഫ് കൗൺസിൽ ആണ് നടപടിയെടുത്തത്. കോളജ് യൂനിയനുമായി ചേർന്ന് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപർണയോട് മോശമായി പെരുമാറിയത്.
പൂവ് നൽകാൻ വേദിയിലേക്ക് കയറിവന്ന വിദ്യാർത്ഥി അപർണക്ക് ഹസ്തദാനം ചെയ്തശേഷം തോളിൽ കൈയിടാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലോ കോളജ് യൂനിയൻ നേതൃത്വം വിശദീകരിക്കുകയും ചെയ്തു. നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബിജിപാൽ എന്നിവരും വേദിയിലുണ്ടായിരുന്നു. പിന്നീട് അപർണയോട് മാപ്പ് പറയാനായി വിഷ്ണു വീണ്ടും വേദിയിൽ എത്തി.
എന്നാൽ അപർണയോട് കൈ നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടൻ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. കൈ കൊടുക്കാതെ, കുഴപ്പമില്ല, പോകൂ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം.
അനുവാദമില്ലാതെ താരത്തെ സ്പർശിക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്കു നേരെ കടുത്ത വിമർശനമുയർന്നിരുന്നു. ലോ കോളജിൽ വെച്ച് ഇങ്ങനെ സംഭവിച്ചു എന്നതിൽ ഞെട്ടിപ്പോയെന്ന് പിന്നീട് അപർണ ബാലമുരളി പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർത്ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്.
കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി അപർണ പറഞ്ഞു.
സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. തുടർന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയൻ പറഞ്ഞു.
സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ വ്യക്തമാക്കി.സോഷ്യൽമീഡിയയിലൂടെയാണ് യൂണിയൻ ഖേദപ്രകടനം നടത്തിയത്.