ന്യൂഡെൽഹി: സർക്കാർ പരസ്യത്തിന് മുകളിൽ പാർട്ടിപ്പരസ്യം നൽകിയെന്ന് കാണിച്ച് ആംആദ്മി പാർട്ടിക്കെതിരേ നോട്ടീസ്. പത്തു ദിവസത്തിനുള്ളിൽ 163.6 കോടി രൂപ അടയ്ക്കാനാണ് നിർദ്ദേശം. 2016-17 ൽ ആപ്പിന്റെ പരസ്യങ്ങൾ സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡൽഹി സർക്കാരിന്റെ ഇൻഫെർമേഷൻ ആൻഡ് പബ്ളിസിറ്റി ഡയറക്ട്രേറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ലഫ്റ്റനന്റ് ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. പറയുന്ന സമയപരിധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ ദീൻദയാൽ മാർഗിലെ ഓഫീസ് സീൽ വെയ്ക്കുന്നത് ഉൾപ്പെടെ ആപ്പിന്റെ വസ്തുവകകൾ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. നോട്ടീസിനോട് ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡിസംബർ 19 ന് ആപ് കൺവീനർ അരവിന്ദ് കെജ്രിവാളിനാണ് നോട്ടീസ് പോയിരിക്കുന്നത്. 163 കോടിയിലെ 99.31 കോടി തുകയായും 64.31 കോടി പിഴപ്പലിശയുമാണെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. ഡിപ്പാർമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ളിസിറ്റി പ്രസിദ്ധപ്പെടുത്തിയ എല്ലാ പരസ്യങ്ങളും ഓഡിറ്റ് ചെയ്യാൻ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്. 2016 ലെ ഡൽഹി ഹൈക്കോടതിയുടെ ഓർഡർ പ്രകാരമാണ് നോട്ടീസ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുഖജനാവ് സ്വന്തം പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരേ സമർപ്പിക്കപ്പെട്ട റിട്ടുകളിൽ 2015 ൽ സുപ്രീംകോടതി തീരുമാനം എടുത്തിട്ടുണ്ട്. സുപ്രീംകോടതി യുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾക്കായിട്ടാണ് 97.14 കോടി ചെലവിട്ടിരിക്കുന്നതെന്നാണ് ഡിഐപി പറയുന്നത്. ഒരു മാസം മുമ്പാണ് ആംആദ്മിപാർട്ടി സർക്കാർ പരസ്യമെന്ന വ്യാജേനെ പാർട്ടിപരസ്യം നൽകുന്നെന്ന് കാണിച്ച് പാർട്ടിയിൽ നിന്നും 97 കോടി രൂപ ഇടാക്കാൻ ചീഫ് സെക്രട്ടറി വഴി ഡൽഹി ഗവർണർ വി.കെ. സക്‌സേന നിർദ്ദേശം നൽകിയത്.