വീണ്ടും മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ജപ്പാന്‍

സോള്‍: അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പിനെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ തൊടുത്തു. സംഘര്‍ഷസാധ്യത സൂചനകളുമായി ഭൂഖണ്ഡാന്തര മിസൈലുകളാണ് ഉത്തര കൊറിയ വീണ്ടും പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയുടെ ഈ നീക്കത്തെത്തുടര്‍ന്ന് ദക്ഷിണകൊറിയയിലുള്ളവരും ജപ്പാന്റെ വടക്കന്‍ പ്രദേശത്തുള്ളവരും അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുടെ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് 23 മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പരീക്ഷണം നടത്തിയത്. ഒരു ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഉത്തരകൊറിയയുടെ ആവര്‍ത്തിച്ചുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദെ പറഞ്ഞു.