അഹമ്മദാബാദ്: തൂക്കുപാലം തകര്‍ന്ന് 134 പേര് മരിച്ച ഗുജറാത്തിലെ മോര്‍ബിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനോടനുബന്ധിച്ച് ആശുപത്രിയില്‍ അടിയന്തര നവീകരണം നടത്തിയതില്‍ വലിയ ആക്ഷേപം. പരിക്കേറ്റ നൂറുകണക്കിന് ആളുകള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പകരം മോദിയുടെ ഫോട്ടോഷൂട്ടിന് വേണ്ടി ആശുപത്രിയും പരിസരപ്രദേശങ്ങളും പെയിന്റടിച്ചും മറ്റും യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കിയെന്നാണ് കോണ്‍ഗ്രസും ആം ആദ്മിയും ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
തൂക്കുപാലം തകര്‍ന്ന് 134 പേര് മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിപക്ഷം ആളുകളെയും മോര്‍ബിയിലെ സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെയാണ് ഇന്ന് മോദി സന്ദര്ശനത്തിനെത്തുക. പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയില്‍ തകൃതിയായി അറ്റകുറ്റപ്പണികള്‍ നടത്തിയത്. ചുവരുകള്‍ പെയിന്റടിച്ചും ടൈലുകള്‍ മാറ്റിയിട്ടും ആശുപത്രിയും പരിസരവും വൃത്തിയാക്കിയും യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.