
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളെജ് അഴിമതിക്കേസില്‍ സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ധര്‍മ്മരാജ് റസാലം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ബിഷപ്പിന്റെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളിപ്പിച്ചുവെന്നുമുള്ള കേസുകളിലാണ് ചോദ്യം ചെയ്യല്‍. സെക്രട്ടറി ടി.പി.പ്രവീണും റസാലത്തോടൊപ്പം എത്തിയിരുന്നു.
അഴിമതി നടത്തിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സഭാ ആസ്ഥാനത്തും മറ്റ് മൂന്ന് കേന്ദ്രങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പിനെ ഇഡി തടയുകയും ചെയ്തിരുന്നു. വിലക്ക് മറികടന്ന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് ബിഷപ്പിനെ തടഞ്ഞത്.