ന്യൂഡെല്‍ഹി: ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തില്‍ പല സുപ്രധാന നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ച മോദി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ യൂണിഫോം ഏകീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
ദേശീയ അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. ക്രമസമാധാനപാലനമെന്ന് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ പ്രശ്നം മാത്രമല്ല. ഇരുവിഭാഗങ്ങളും ഒന്നിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം. പൊലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ വേണം. ഇതിന് ഭരണനേതൃത്വം ഇടപെടണം. കൊറോണകാലത്ത് കേന്ദ്ര ഏജന്‍സികളും സംസ്ഥാനത്തെ പൊലീസും മികവുറ്റ രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.