
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് എം.ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സര്‍വ്വീസ് ചട്ടലംഘനം ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴ് മാസത്തിന് ശേഷമാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷനെന്നും തന്റെ വാദം കേട്ടില്ലെന്നും സസ്പെന്ഷന് കാലം സര്‍വ്വീസ് കാലയളവായി കണക്കാക്കണമെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ അവധിക്ക് അപേക്ഷിക്കുകയായിരുന്നു. 2020 ജൂലൈ ഏഴ് മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുവദിച്ച അവധി റദ്ദാക്കി ശിവശങ്കറിനെ ജൂലൈ 27 മുതല്‍ സസ്പെന്‍ഡ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അനുവദിച്ച അവധി റദ്ദാക്കിയതും സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചതും രാഷ്ട്രീയ കാരണങ്ങളാലാണ് എന്നാണ് ഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നത്. മാധ്യമ വിചാരണയാണ് ഇതിലേക്ക് നയിച്ചത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനായി തെറ്റൊന്നും ചെയ്യാത്ത തന്നെ ബലിയാടാക്കുകയായിരുവെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.