
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം നാളെ നൂറാം ദിവസത്തിലേക്ക് കടക്കുന്നു. നാളെ കരയിലും കടലിലും ഒരേസമയം സമരം നടത്താനാണ് തീരുമാനം. തുറമുഖ നിര്‍മ്മാണ ജോലികള്‍ സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ നാളെ മുതല്‍ സ്വീകരിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങള്‍ കേന്ദ്രമാക്കി രാവിലെ മുതല്‍ വൈകിട്ട് വരെയായിരിക്കും സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുക. ലത്തീന്‍ അതിരൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ജനങ്ങളെ പങ്കെടുപ്പിക്കണമെന്ന് ആര്‍ട്ട് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സര്‍ക്കാരും സമരസമിതിയും രണ്ട് തട്ടില്‍ ഉറച്ചുനില്‍ക്കുന്നതോടെ സമവായ ചര്‍ച്ചകള്‍ നിലച്ച അവസ്ഥയിലാണ്. പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായെങ്കിലും സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.