കോഴിക്കോട്: താമരശ്ശേരിയില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്‌റഫ് തിരികെ വീട്ടില്‍ മടങ്ങിയെത്തി. ഇന്നലെ രാത്രിയോടെയാണ് അഷ്‌റഫ് വീട്ടില്‍ മടങ്ങിയെത്തിയത്. ശനിയാഴ്ച തട്ടിക്കൊണ്ടുപോയ അഷ്‌റഫിനെ അക്രമിസംഘം ഇന്നലെ രാവിലെയോടെ കൊല്ലം ജില്ലയില്‍ വെച്ച് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയാണ് കോഴിക്കോട്ടേക്ക് എത്തിയത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ അക്രമിസംഘം അഷ്‌റഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞ് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം രണ്ടത്താണി കഴുങ്ങില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍, മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.