ന്യൂഡെല്‍ഹി: കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തിന്റെ പരിതാപകരമായ സാമ്പത്തിക നിലയെ അഭിവൃദ്ധിപ്പെടുത്താന്‍ ഹിന്ദുദൈവങ്ങള്‍ സഹായിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോനേഷ്യയുടെ കറന്‍സി നോട്ടില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്ന് കെജ്‌രിവാള്‍ ചോദിച്ചു. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകള്‍ വേണമെന്ന് താന്‍ പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് കെജ്‌രിവാളിന്റെ ഈ പ്രസ്താവന. കഴിഞ്ഞ 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തിയ ഏതെങ്കിലുമൊരു നല്ല കാര്യം ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്തില്‍ ആം ആദ്മിയ്‌ക്കെതിരെ എല്ലാ പൈശാചിക ശക്തികളും ഒരുമിച്ചെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.