ന്യൂഡെല്‍ഹി: യുക്രെയ്നില്‍ കഴിയുന്ന എല്ലാ ഇന്ത്യാക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. റഷ്യ-യുക്രെയ്ന് യുദ്ധം വീണ്ടും മുറുകുന്ന സാഹചര്യത്തില്‍ ഇനിയും യുക്രെയ്നില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
യുക്രെയ്നിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെല്ലാം രാജ്യം വിടണമെന്നാണ് ആവശ്യം. അടിയന്തരമായി യുക്രെയ്നില്‍ നിന്ന് മടങ്ങണമെന്ന് രണ്ട് ദിവസം മുമ്പ് എംബസിയും ഇന്ത്യാക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യുക്രെയ്നില്‍ തുടരുന്ന ഇന്ത്യാക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹംഗറി, സ്ലോവാക്യ, മള്‍ഡോവ, പോളണ്ട്, റോമേനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി വഴി പുറത്തുകടക്കാനാണ് നിര്‍ദ്ദേശം.
യുക്രെയ്നിലേക്ക് യാത്ര പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. യുക്രെയ്നിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി തിരികെ മടങ്ങിയത്.