തിരുവനന്തപുരം: തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിപദവിയില്‍ തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ കത്തയച്ചു. ഇന്നലെ വൈകിട്ടാണ് കത്ത് നല്‍കിയത്.
ഉത്തര്‍പ്രദേശിലുള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന കെ.എന്‍.ബാലഗോപാലിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ഗവര്‍ണറുടെ പ്രതികരണം. മന്ത്രിയുടെ പ്രസ്താവന ദേശീയതയെപ്പോലും ചോദ്യം ചെയ്യുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഇന്ന് രാവിലെ മറുപടിക്കത്ത് നല്‍കിയിട്ടുണ്ട്.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നീക്കം. നേരത്തെ ഗവര്‍ണറെ വിമര്‍ശിക്കുന്ന മന്ത്രിമാരുടെ കാര്യത്തില്‍ പ്രീതി പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.