കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എം.പി കൂടിയായ രാഹുല്‍ ഗാന്ധി കത്തയച്ചു.
ജില്ലയുടെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യവും ആക്രമണവും വര്‍ധിച്ചു വരുന്നത് ഭീതിജനകമാണ്. അടുത്തിടെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് വയനാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നെന്മേനി പഞ്ചായത്തിലെ ചീരാലിലും മീനങ്ങാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും വളര്‍ത്തുമൃഗങ്ങള്‍ പതിവായി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റില്‍ കടുവ ഉള്‍പ്പെടെയുള്ള നിരവധി വന്യജീവികള്‍ യഥേഷ്ടം വിഹരിക്കുന്നു എന്ന നിവേദനങ്ങള്‍ തനിക്ക് ലഭിച്ചിരുന്നു. ഇടതിങ്ങിയ അടിക്കാടുകളും എസ്റ്റേറ്റുകള്‍ക്ക് മതിയായ വേലിയില്ലാത്തതും ഈ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരുവാന്‍ കാരണമാകുന്നു. ഇത് ദേശീയപാതയോട് ചേര്‍ന്നുള്ളതായതിനാല്‍ വാഹന യാത്രക്കാര്‍ക്കും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.