
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഈ ഗവര്‍ണറെ അംഗീകരിക്കില്ലെന്നും ഒറ്റദിവസം കൊണ്ട് വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ മഹാരാജാവാണോ എന്ന് കെ.മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോടായിരുന്നു വിസി നിയമന വിവാദത്തില്‍ കെ.മുരളീധരന്റെ പ്രതികരണം.
വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഗവര്‍ണറെ വെച്ച് എല്ലാ സംസ്ഥാനങ്ങളിലും കളിക്കുന്ന കളി അംഗീകരിക്കാനാവില്ല. അത് തന്നെയാണ് കേരളത്തിലും ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍മാരെ അനുകൂലിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല. അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടിയുടെ നിലപാടാണ് ഇത്. കെ.സി വേണുഗോപാലിന്റെ അതേ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കുള്ളത്. കേരളത്തിലെ നേതാക്കള്‍ മറിച്ചുപറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയ നിലപാടിനെ തള്ളിയാണ് കെ.മുരളീധരന്റെ പ്രതികരണം.
കേരളത്തിലെ വിവാദം കാവിവല്‍ക്കരണവും കമ്മ്യൂണിസ്റ്റ്‌വല്‍ക്കരണവും തമ്മിലുള്ള പോരാണ്. ഡി.വൈ.എഫ്.ഐക്കാര്‍ വിസിമാര്‍ക്ക് വേണ്ടിയും ബി.ജെ.പിക്കാര്‍ ഗവര്‍ണര്‍ക്ക് വേണ്ടി യുദ്ധത്തിനിറങ്ങും. അപ്പോള്‍ സംഭവിക്കാന്‍ പോകുന്നത് തെരുവ് യുദ്ധക്കളമാകും. യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ താളം തെറ്റും. ശരിയായ സമയത്ത് പരീക്ഷാഫലം വരില്ല. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടും. അതുകൊണ്ട് രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പിടിവിദ്യയും അവസാനിപ്പിക്കണം. ഗവര്‍ണറും സര്‍ക്കാരും കൂടി പ്രശ്‌നം പരിഹരിക്കണം. ഇവിടെ പ്രതിപക്ഷത്തിന് ഒരു റോളും ഇല്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കി.