Home Featured ഗവര്‍ണറുടെ അന്ത്യശാസനത്തെ നേരിടാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍

ഗവര്‍ണറുടെ അന്ത്യശാസനത്തെ നേരിടാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍

0
ഗവര്‍ണറുടെ അന്ത്യശാസനത്തെ നേരിടാന്‍ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തെ നിയമപരമായി നേരിടാന്‍ തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ നിയമവിദഗ്ധരും ഭരണരംഗത്തെ തലമുതിര്‍ന്നവരുമായി ആലോചിച്ച് കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യങ്ങളെ കാണുന്നുണ്ട്. രാവിലെ 10.30-നാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

സാങ്കേതിക സര്‍വ്വകലാശാല വിസി ഡോ. എം.എസ് രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് സുപ്രീം കോടതി ഈ നിയമനം റദ്ദാക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഉത്തരവിട്ടത്. രാവിലെ 11.30ന് മുമ്പായി രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ ഇന്നലെ വൈകിട്ട് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വ്വകലാശാലകളും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല, ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ വിസിമാരുടെ കൂട്ടരാജി ഒരു ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. രാജിക്കത്ത് സമര്‍പ്പിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. വിസിമാരെ പുറത്താക്കാനുള്ള നിര്‍ദ്ദേശം രാജ്ഭവന്‍ പുറപ്പെടുവിക്കാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here