
തിരുവനന്തപുരം: മാധ്യമങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമപ്രവര്‍ത്തരോട് സംസാരിക്കാമെന്നും എന്നാല്‍ പാര്‍ട്ടി കേഡറില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരിച്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം ഗവര്‍ണര്‍ വെട്ടിത്തുറന്ന് പറഞ്ഞത്.
നിങ്ങളുടെ കൂട്ടത്തില്‍ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ ആരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ വേഷം കെട്ടിയ പാര്‍ട്ടി കേഡര്‍മാര്‍ ആരെന്നും തനിക്ക് അറിയാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. അത്തരക്കാര്‍ക്ക് മറുപടിയില്ലെന്നും തന്നോട് സംസാരിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് രാജ്ഭവന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും തുടര്‍ന്ന് അവരോട് സംസാരിക്കുമെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതികരണങ്ങള്‍ രാജ്ഭവന്‍ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.