ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് സര്‍വ്വീസ് നടത്തുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) പൂര്‍ണ്ണമായും നീക്കി. ഒക്ടോബര്‍ 30 മുതല്‍ മുഴുവന്‍ സര്‍വ്വീസുകളും നടത്താന്‍ സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എ അനുമതി നല്‍കി.
തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ സുരക്ഷയെക്കരുതി സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പകുതി സര്‍വ്വീസുകള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു ആദ്യഘട്ടത്തില്‍ ഡി.ജി.സി.എയുടെ ഉത്തരവ്.
എട്ടാഴ്ചയോളം സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ പാളിച്ചകള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കമ്പനിയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.എ നിയന്ത്രണങ്ങള്‍ നീക്കിയത്.
കഴിഞ്ഞ ജൂലൈയില്‍ കമ്പനിയുടെ വിമാനങ്ങളില്‍ ഒന്നിലധികം തവണ സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ഡി.ജി.സി.എ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ മറുപടി തൃപ്തികരമാകാത്തതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.