തിരുവനന്തപുരം: അധ്യാപികയുടെ പരാതിയില്‍ ബലാല്‍സംഗക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്നത് വെറും ആരോപണം മാത്രമാണെന്നായിരുന്നു എം.എല്‍.എ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, അതെല്ലാം കോടതിയുടെ മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ നിരപരാധിയെന്ന് തെളിയിക്കപ്പെടും. ഏത് വകുപ്പ് വേണമെങ്കിലും ചുമത്താം. കോടതിയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ വിളിച്ചു സംസാരിച്ചു. വിഷയത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുമുണ്ട്. ഒളിവില്‍ പോയിട്ടില്ല. കോടതിക്ക് മുന്നില്‍ എന്റെ അപേക്ഷ ഉണ്ടായിരുന്നു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കും. ഇനി പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ‘ എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ഇന്നലെയാണ് കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവണം എന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.