Home News ഫാ. ജയിംസ് പാലയ്ക്കലും ഫാ. വര്‍ഗീസ് താനമാവുങ്കലും ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാര്‍

ഫാ. ജയിംസ് പാലയ്ക്കലും ഫാ. വര്‍ഗീസ് താനമാവുങ്കലും ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാര്‍

0

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാ സിഞ്ചെല്ലൂസ് അഥവാ വികാരി ജനറല്‍മാരായി ഫാ. ജയിംസ് പാലയ്ക്കലിനെയും ഫാ. വര്‍ഗീസ് താനമാവുങ്കലിനെയും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിയമിച്ചു. മാര്‍ തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ സിഞ്ചല്ലൂസ്മാരുടെ നിയമനം. അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസ്ത്ര പരിശീലന കേന്ദ്രങ്ങളുടെയും ചുമതലയാണ് ഫാ. ജെയിംസ് പാലയ്ക്കലിന് നല്‍കിയിരിക്കുന്നത്. സമര്‍പ്പിതരുടെയും സെമിനാരി വിദ്യാര്‍ഥികളുടെയും ചുമതല ഫാ. വര്‍ഗീസ് താനമാവുങ്കലിനാണ്.

അതിരൂപതയുടെ പ്രോട്ടോ സിഞ്ചല്ലൂസായി മാര്‍ തോമസ് തറയില്‍, സിഞ്ചല്ലൂസായ ഫാ. ജോസഫ് വാണിയ പുരക്കല്‍ എന്നിവര്‍ തങ്ങളുടെ ചുമതലകള്‍ തുടര്‍ന്നും നിര്‍വഹിക്കുമെന്ന് ആര്‍ച്ച് മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. അതിരൂപതയുടെ കീഴിലുള്ള കുറ്റിച്ചല്‍ലൂര്‍ദ് മാതാ എഞ്ചിനീയറിങ് കോളേജിന്റെ പ്രത്യേക ചുമതല സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലിനാണ്.

ഫാ. ജെയിംസ് പാലക്കല്‍ നിലവില്‍ ഷംഷാബാദ് രൂപതയുടെ സിഞ്ചല്ലൂസ് ആയി ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ഇറ്റാവ ജയ്പൂര്‍ മിഷനുകളുടെ പ്രത്യേക ചുമതല വഹിച്ചുവരികയായിരുന്നു. വിവിധ ഇടവകകളിലെ ശുശ്രൂഷകള്‍ക്ക് പുറമേ ചങ്ങനാശ്ശേരി അതിരൂപതയിലെ സിഞ്ചല്ലൂസ്, മൈനര്‍ സെമിനാരി റെക്ടര്‍, വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളില്‍ അധ്യാപകന്‍ എന്നിനിലകളിലും ഫാ. പാലയ്ക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊടിപ്പാറ ഹോളിക്രോസ് ഫാമിലി ഇടവകാംഗമാണ് ഫാ. ജെയിംസ് പാലക്കല്‍.

ഫാ. വര്‍ഗീസ് താനമാവുങ്കല്‍ നിലവില്‍ അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ സേവനം അനുഷ്ഠിക്കുകയാണ്. തുരുത്തിയിലുള്ള കാനാ ഫാമിലി ഇന്‍സ്റ്റ്യൂട്ട്, പാറേല്‍ അമല തിയോളജിക്കല്‍ കോളേജ് തുടങ്ങിയവയുടെ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളില്‍ അധ്യാപകനായും സേവനം ചെയ്തു വരുന്നു. വിവിധ ഇടവകകളിലെ സേവനത്തിന് പുറമേ അതിരൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മുഖ്യ കോഡിനേറ്ററായും ഫാ.താനമാവുങ്കല്‍ ശുശ്രൂഷ ചെയ്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സെന്റ് മേരീസ് ഇടവകാംഗമാണ്. പുതിയ സിഞ്ചെല്ലൂസുമാര്‍ നവംബര്‍ 19-ന് ചുമതലയേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here