
ന്യൂഡെല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതിയുള്ളതിനാല്‍ ആറ് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇത് 32-ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ്ജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന അഭിഭാഷകരാണ് സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്നത്.