കൊല്ലം: പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒ വിനോദ്, എസ്.ഐ അനീഷ്, ഗ്രേഡ് എസ്.ഐ പ്രകാശ്, സി.പി.ഒ മണികണ്ഠന്‍ പിള്ള എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ദക്ഷിണമേഖല ഐജി പി.പ്രകാശാണ് നടപടി സ്വീകരിച്ചത്. നേരത്തെ പൊലീസുകാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയിരുന്നു.
എം.ഡി.എം.എ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പേരൂര്‍ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്‌നേഷിനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുകയായിരുന്നുവെന്നായിരുന്നു പരാതി.
സംഭവത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആര്‍.നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് ആരോപണം ഉയര്‍ന്ന പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.