തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വസിക്കുന്നതായി ദയാബായി പ്രതികരിച്ചു. നിരാഹാര സമരം മാത്രമാണ് അവസാനിപ്പിക്കുന്നതെന്നും ആവശ്യങ്ങള്‍ നടപ്പിലാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ദയാബായിയെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. ആദ്യത്തെ രേഖയില്‍ അവ്യക്തത ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തിരുത്തി നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം രണ്ടാഴ്ച പിന്നിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാസര്‍കോട്ടെ അഞ്ച് ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.