ന്യൂഡെല്‍ഹി: ചരിത്രം കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകളാണ് ലഭിച്ചത്. എതിരാളിയായിരുന്ന ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. വോട്ടെണ്ണലില്‍ 416 വോട്ടുകള്‍ അസാധുവായും രേഖപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഔദ്യോഗികപക്ഷത്തിന്റെയും ഗാന്ധികുടുംബത്തിന്റെയും പിന്തുണയോടെ വിജയിച്ച ഖാര്‍ഗെയുടെ വിജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. നിഷ്പക്ഷമായിരിക്കും തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഖാര്‍ഗെയുടെ വിജയത്തിന് വേണ്ടി നിലകൊണ്ടവരായിരുന്നു കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം. എങ്കിലും ശശി തരൂര്‍ നേടിയ വോട്ടുകളുടെ എണ്ണം അദ്ദേഹത്തെയും നിരാശപ്പെടുത്തിയിട്ടില്ല. ഫലപ്രഖ്യാപനം വന്നപ്പോള്‍ തന്നെ പിന്തുണയ്ക്കുന്ന നല്ലൊരു ശതമാനം പ്രവര്‍ത്തകരുണ്ടെന്ന് തെളിഞ്ഞത് ശശി തരൂരിനും കരുത്ത് പകര്‍ന്നിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊള്ളുന്നുവെന്ന് വ്യക്തമാക്കിയ ശശി തരൂര്‍ പുതിയ അധ്യക്ഷന് എല്ലാ ആശംസകളും നേരുന്നതായി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായും ഇനി ഒന്നിച്ച് മുന്നേറാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ച പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടിയിലെ പരമാധികാരി ഇനി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഖാര്‍ഗെയായിരിക്കും ഇനി കോണ്‍ഗ്രസിനുളളിലെ തീരുമാനങ്ങളെടുക്കുന്നത്. ഇനിമുതല്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും തന്റെ റോള്‍ എന്തെന്ന് പാര്‍ട്ടി പ്രസിഡന്റ് തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള അധ്യക്ഷനെന്ന സവിശേഷതയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയത്തിനുണ്ട്. 1997-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും തോല്‍പ്പിച്ച് അധ്യക്ഷനായ സീതാറാം കേസരിയാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒടുവില്‍ പ്രസിഡന്റായത്. അതിന് ശേഷം സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കൈപ്പിടിയിലായിരുന്നു അധ്യക്ഷ പദവി.