ന്യൂഡെല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിഴത്തുക അടച്ചാല്‍ മാത്രമേ മോചനം സാധ്യമാകൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രംനാഥും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍, വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടയ്ക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളില്‍ നിന്ന് ലഭിക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ, 30.4 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ പിഴത്തുക ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു. എന്നാല്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെയ്ക്കാനാകില്ലെന്ന് മണിച്ചന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.