തിരുവനന്തപുരം: ഷാര്‍ജയില്‍ നിന്നെത്തിയ വാമനപുരം സ്വദേശി സ്വര്‍ണ്ണം കടത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പിന്തുടര്‍ന്ന് വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ കസ്റ്റംസ് സംഘത്തിന് മര്‍ദ്ദനം. കസ്റ്റംസ് സൂപ്രണ്ടുള്‍പ്പെടെ രണ്ട് പേരെയാണ് വാമനപുരം സ്വദേശിയുടെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചത്.
ഇന്ന് പുലര്‍ച്ചെ 4.30-ന് എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ വാമനപുരം നെല്ലനാട് കാരിക്കുഴി പുളിയറവിളാകം വീട്ടില്‍ അസീം സ്വര്‍ണ്ണം കടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. ഒരു കിലോയോളം സ്വര്‍ണ്ണം കടത്തിയെന്നായിരുന്നു രഹസ്യവിവരം ലഭിച്ചത്.
എമിഗ്രേഷനും പരിശോധനയും കഴിഞ്ഞ് അസീം വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോയ ശേഷമാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പത്ത് മണിയോടെ അസീമിന്റെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ട് അസീം കടന്നുകളയുകയായിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസീമിന്റെ സുഹൃത്തുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് പി.കൃഷ്ണകുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നീട് പൊലീസെത്തി അക്രമികളെ പിടികൂടുകയായിരുന്നു.