തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍ തലസ്ഥാനത്തെ റോഡുകളില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗതതടസ്സമുണ്ടായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇരുപതടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞത്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലും ശക്തമായ മഴയുണ്ട്.