
തിരുവനന്തപുരം: ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി ഇന്ന് വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കൊപ്പം ചീഫ് സെക്രട്ടറിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലോകകേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തതായും സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ സഹകരണം അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് കുടിയേറ്റം സാധ്യമാകാന്‍ നോര്‍ക്ക വഴി അവസരമൊരുക്കും. ഇതിനായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരവും ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികള്‍ക്ക് ഈ മാര്‍ഗ്ഗത്തിലൂടെ അവസരം ഒരുങ്ങും. ആരോഗ്യമേഖലയിലുള്ളവര്‍ക്ക് യു.കെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.