പ്രൊഫ. ജി.എന്‍ സായ്ബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി മരവിപ്പിച്ചു

നാഗ്പൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലായിരുന്ന ഡെല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകന്‍ ജി.എന്‍ സായ്ബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി നടപടി സുപ്രീം കോടതി മരവിപ്പിച്ചു. കേസിന്റെ മെറിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എം.ആര്‍.ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.

മാവോയിസ്റ്റ് കേസില്‍ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയിച്ചിരുന്ന സായിബാബയെ ഉടന്‍ കുറ്റവിമുക്തനാക്കണമെന്ന് ഇന്നലെയാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. വിധി വന്നതിന് പിന്നാലെ തന്നെ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ്ങ് നടത്തിയാണ് കോടതി വാദം കേട്ടത്.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2014-ലാണ് പ്രൊഫ. ജി.എന്‍ സായ്ബാബ അറസ്റ്റിലാകുന്നത്. പിന്നീട് 2017 മാര്‍ച്ചില്‍ സെഷന്‍സ് കോടതി സായ്ബാബ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. നിലവില്‍ നാഗ്പൂര്‍ ജയിലിലാണ് സായ്ബാബയുള്ളത്.