തിരുവനന്തപുരം: കൊറോണകാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്‍കിയ നോട്ടീസിന് മറുപടിയുമായി മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. പിപിഇ കിറ്റ് പര്‍ച്ചേസില്‍ ഒരു തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്ന് ശൈലജ പറഞ്ഞു. കുവൈറ്റില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാക്കുമ്പോഴായിരുന്നു കെ.കെ.ശൈലജയുടെ വിശദീകരണം.
ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തര സാഹചര്യത്തിലാണ്. മരുന്നുപോലുമില്ലാത്ത അന്ന് മനുഷ്യരുടെ ജീവനാണ് പ്രാധാന്യം നല്‍കിയത്. പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. 50,000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വിലകുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ശൈലജ പറഞ്ഞു. ഇക്കാര്യങ്ങള്‍ ലോകായുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഡിസംബര്‍ എട്ടാം തീയതി ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരുടെ പരാതിയിലാണ് ലോകായുക്ത നടപടി. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം.