പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കേസില്‍ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനുമെത്തിയ പൊലീസ് സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. പ്രതി ഭഗവല്‍സിങ് നടത്തുന്ന തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കൊലയ്ക്കുപയോഗിച്ചെന്ന് കരുതുന്ന കത്തികള്‍ കണ്ടെടുത്തു. മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് മുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൂടാതെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിലും കണ്ടെത്തിയ ആയുധങ്ങളിലും പ്രതിയുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ വീട്ടില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കൊച്ചി പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആറന്‍മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്.
നേരത്തെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നരബലിയില്‍ കൂടുതല്‍ ഇരകള്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് വിശദപരിശോധന നടത്തുന്നത്.