
ന്യൂഡെല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ ബെംഗലൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇഡിയ്‌ക്കെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയും സ്വപ്‌ന സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് ആരോപണം.
കേസില്‍ ഉന്നതര്‍ക്കെതിരെ സ്വപ്‌ന സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദവും ഗൂഢലക്ഷ്യവുമാണുള്ളത്. ഇ.ഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഇപ്പോള്‍ മജിസ്‌ട്രേറ്റിനും മാധ്യമങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് ഇതില്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയവിമര്‍ശനങ്ങളില്ല.
അതേസമയം ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി കേന്ദ്രസര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണെന്നും കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.