കൊച്ചി: കോളെജ് വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്.പിയാണ് കോതമംഗലം എസ്.ഐ മാഹിന്‍ സലീമിനെ സസ്‌പെന്‍ഡ് ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകനും കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളെജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ് മര്‍ദ്ദനമേറ്റത്.
കോതമംഗലത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിയ്ക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ത്ഥിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തെത്തുടര്‍ന്ന് മുഖത്തും തലയിലും പരിക്ക് പറ്റിയ റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എസ്.ഐ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്.