ന്യൂഡെല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 12-ന് വോട്ടെടുപ്പും ഡിസംബര്‍ എട്ടിന് വോട്ടെണ്ണലും നടക്കും. എന്നാല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഒക്ടോബര്‍ 17-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 27-ന് സൂക്ഷ്മപരിശോധനയും നടക്കും. 29-ന് പത്രിക പിന്‍വലിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സുരക്ഷിതമായി തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
55, 07261 വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശിലുള്ളത്. 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സര്‍ക്കാരിന്റെ കാലാവധി 2023 ജനുവരി എട്ടിന് അവസാനിക്കും.