ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സര്‍വ്വീസ് ചെന്നൈയില്‍ നിന്ന് ആരംഭിക്കും. ചെന്നൈ-ബെംഗലൂരു- മൈസൂര്‍ റൂട്ടിലാണ് ഇന്ത്യയിലെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സര്‍വ്വീസ് ആരംഭിക്കുന്നത്. നവംബര്‍ 10-നാണ് ഈ സര്‍വ്വീസ് ആരംഭിക്കുക. 483 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ സഞ്ചരിക്കും.
കവച് എന്ന പേരില്‍ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം വന്ദേഭാരത് 2.0 ശ്രേണിയിലെ ഈ പുത്തന്‍ ട്രെയിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് വോയ്‌സ് റെക്കോര്‍ഡിങ് സഹിതം പാസഞ്ചര്‍ ഗാര്‍ഡ് ആശയവിനിമയ സംവിധാനങ്ങളും മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പുള്ള ഡിസാസ്റ്റര്‍ ലൈറ്റുകളും കോച്ചുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.