Home Featured എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും

എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും

0

തിരുവനന്തപുരം: അധ്യാപികയുടെ പീഡന പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാല്‍സംഗക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയ്ക്ക് കൈമാറി. എം.എല്‍.എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാക്കും.

പരാതിക്കാരിയുടെ മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷമാണ് നടപടി. നേരത്തെ അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ കോവളം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.

ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴി പ്രകാരം എം.എല്‍.എ പരാതിക്കാരിയുടെ കഴുത്തില്‍ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പീഡനാരോപണം ഉന്നയിച്ചിരുന്നു. കേസ് കോവളം പൊലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനരോപണത്തില്‍ യുവതി ഉറച്ചു നിന്നതോടെയാണ് ബലാല്‍ത്സംഗക്കേസ് ചുമത്തിയത്.

സംഭവം വിവാദമായതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഒളിവിലാണ്. എം.എല്‍.എയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുത്ത കാര്യം പൊലീസ് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 28-നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി അധ്യാപിക പൊലീസില്‍ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here