
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെടാതിരിക്കാന്‍ കര്‍ശന സുരക്ഷയൊരുക്കണമെന്ന കോടതി ഉത്തരവ് പൊലീസ് കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം തുറമുഖനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ് പ്രോജക്ട്‌സുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടി അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതുവരെയുണ്ടായ നഷ്ടങ്ങളുടെ കണക്ക് കൂടി രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.