ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് 50-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; രണ്ട് വര്‍ഷം കാലാവധി

ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ഏറ്റവും മുതിര്‍ന്ന ജഡ്ജി ഡി.വൈ.ചന്ദ്രചൂഡിന്റെ പേര് ജസ്റ്റിസ് യു.യു.ലളിത് ശുപാര്‍ശ ചെയ്തു. ശുപാര്‍ശയുടെ പകര്‍പ്പ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് ചീഫ് ജസ്റ്റിസ് കൈമാറി. പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാന്‍ നേരത്തെ കേന്ദ്ര നിയമന്ത്രാലയം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദ്ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദ്ദേശിക്കുന്നതാണ് കീഴ്‌വഴക്കം.

74 ദിവസത്തെ കാലാവധിക്ക് ശേഷം നവംബര്‍ എട്ടാം തീയതിയാണ് യു.യു.ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നവംബര്‍ ഒന്‍പതിന് ചുമതലയേല്‍ക്കും. 2024 നവംബര്‍ പത്ത് വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. നിലവില്‍ നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോരിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ഡി.വൈ.ചന്ദ്രചൂഡ് ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.