കോഴിക്കോട്: ഇന്നലെ അന്തരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പ്രശസ്ത എഞ്ചിനീയറും പരിസ്ഥിതിപ്രവര്‍ത്തകനുമായ ഡോ.എ.അച്യുതന് വിട. കേരളത്തില്‍ പരിസ്ഥിതി ബോധം വളര്‍ത്തുന്നതില്‍ വലിയ സംഭാവന ചെയ്ത അദ്ദേഹം പരിസ്ഥിതി, ഊര്‍ജ്ജം, സാനിട്ടൈസേഷ, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. പ്ലാച്ചിമട ജനകീയാന്വേഷണ കമ്മീഷന്‍, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷന്‍, ഇ.എം.എസ് ഭവനനിര്‍മ്മാണ കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായിരുന്നു. പെരിയാര്‍വാലി പദ്ധതിയുടെ അന്വേഷണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിലാത്തിക്കുളത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് നിര്യാതനായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
ജീവിതം പോലെ തന്നെ മരണവും സന്ദേശമാക്കിയ അദ്ദേഹം തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ കൂടി എഴുതിവെച്ചാണ് മടങ്ങിയത്. അദ്ദേഹം ബന്ധുക്കള്‍ക്ക് നല്‍കിയ കുറിപ്പ് ഇങ്ങനെയാണ്.’എന്റെ മരണ ശേഷം കഴിയും വേഗം ശരീരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് കൊടുക്കണം. നിലത്തിറക്കല്‍, വിളക്കുവെക്കല്‍, കുളിപ്പിക്കല്‍ എന്നിവ ചെയ്യരുത്. എന്റെ മകന്‍ അരുണ്‍ കാനഡയില്‍ നിന്ന് എത്താന്‍ കാക്കരുത്. വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം. അടുപ്പം ഉള്ള ചിലര്‍ ഒഴികെ ആരും വീട്ടില്‍ വരേണ്ടതില്ല. ആശുപത്രിയില്‍ വെച്ചാണ് മരണമെങ്കില്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. ശരീരദാനത്തിനുള്ള കടലാസുകള്‍ എന്റെ മകള്‍ മഞ്ജുളയുടെ കയ്യിലുണ്ട്. ശരീരത്തില്‍ പുഷ്പചക്രം വെക്കുകയോ ആദരാഞ്ജലികള്‍ അര്‍പിക്കാനെന്നപേരില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.’