
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്. സമരം മൂലം തുറമുഖനിര്‍മ്മാണം 53 ദിവസമായി നിലച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിലവിലെ സാഹചര്യത്തില്‍ തുറമുഖ നിര്‍മ്മാണം ഇനിയും നീളുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും പറയുന്നു. ഇതുവരെയുണ്ടായ നഷ്ടങ്ങളുടെ കണക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നലെ സമരക്കാരുടെ പന്തല്‍ പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു സമരസമിതിയുടെ മറുപടി.