മുംബൈ: ആസന്നമായ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പരസ്യപിന്തുണയെച്ചൊല്ലി ചര്‍ച്ച മുറുകുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലംഘിച്ചപ്പെടുന്നുവെന്ന് ആവര്‍ത്തിച്ച ശശി തരൂര്‍ ഇത് സംബന്ധിച്ച് സമിതിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുംബൈയിലെത്തിയപ്പോഴായിരുന്നു തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൂടുതല്‍ പിസിസികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ചതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച ശശി തരൂര്‍ പരസ്യ നിലപാടിന് പിന്നില്‍ എഐസിസി നേതാക്കളാണെന്ന ആരോപണത്തിന് തെളിവില്ലെന്ന് വ്യക്തമാക്കി. സമവായത്തിനോ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനോ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തരൂര്‍ മുംബൈയിലും ഖാര്‍ഗെ ഹൈദരാബാദിലുമാണുള്ളത്. മുംബൈയില്‍ രണ്ട് ദിവസത്തെ പ്രചാരണമാണ് ശശി തരൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.