
മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി കടത്തിയ വിജിന് വര്‍ഗീസിന്റെ പേരില്‍ വീണ്ടും ലഹരികടത്ത്. മുംബൈ തുറമുഖത്ത് പുതുതായി എത്തിയ ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്നറില്‍ നിന്നാണ് 520 കോടി രൂപയുടെ മയക്കുമരുന്ന് ഡിആര്‍ഐ പിടികൂടിയത്. സംഭവത്തില്‍ വിജിന് വര്‍ഗീസിനെ വീണ്ടും അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
വിജിന് വര്‍ഗീസും മന്‍സൂര്‍ തച്ചാംപറമ്പിലും ചേര്‍ന്ന് ഇറക്കുമതി ചെയ്ത കണ്ടെയ്നറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇരുവരുടെയും പേരിലുള്ള രണ്ടാമത്തെ കണ്ടെയ്നറാണ് പിടിയിലായത്. വിജിന്റെ ഉടമസ്ഥതയിലുള്ള യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ ഓറഞ്ച് കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത 1476 കോടി രൂപയുടെ ലഹരിമരുന്ന് നേരത്തെ പിടികൂടിയിരുന്നു.
ഈ കേസിലെ അന്വേഷണത്തിനിടെയാണ് ഇവര്‍ ഇറക്കുമതി ചെയ്ത ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്നറില്‍ നിന്നും പുലര്‍ച്ചെ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരികടത്താണിത്. മന്‍സൂര്‍ തച്ചാംപറമ്പിലിന്റെ ഉടമസ്ഥതയില്‍ ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന മോര് ഫ്രഷ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി മുഖേനയാണ് മുംബൈയിലെ വാഷിയില്‍ പ്രവര്‍ത്തിക്കുന്ന വിജിന് വര്‍ഗീസിന്റെ യെമ്മിറ്റോ ഇന്റര്‍നാഷണലിലേക്ക് പഴവര്‍ഗ്ഗങ്ങള്‍ അയച്ചിരിക്കുന്നത്.
പഴം ഇറക്കുമതിയുടെ മറവില്‍ രണ്ട് തവണ ലഹരി കണ്ടെത്തിയതോടെ കൂടുതല്‍ ഗൗരവകരമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഡിആര്‍ഐ സംഘം. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ മന്‍സൂറാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെയടക്കം സഹായം തേടിയിട്ടുണ്ട്.