
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാരും അടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഉത്തരവിന് ഓഗസ്റ്റ് 18 മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ മന്ത്രിസഭാ യോഗം ഉടന്‍ പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിയത്. ഡെപ്യൂട്ടി കളക്ടര്‍ അടക്കം വിവിധ തസ്തികകളിലായി 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. സാമൂഹികാഘാത പഠനം തുടരാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വ്വേ നടപടികള്‍ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തുന്ന വിവിധ ഏജന്‍സികളുടെ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള തീരുമാനം വരുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും. രണ്ട് വര്‍ഷം കൊണ്ട് സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കുവേണ്ട ഭൂമിയേറ്റെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.