
തൃശ്ശൂര്‍: വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഹാജരായി. അപകടം ഹൃദയഭേദകമെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയറിയിച്ച കോടതി സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലൈന്‍ ട്രാഫിക് സംവിധാനം ഉടന്‍ നടപ്പിലാക്കണമെന്നും ഗതാഗത നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു.
റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്നായിരുന്നു എസ്.ശ്രീജിത്തിനോടുള്ള കോടതിയുടെ ആദ്യ ചോദ്യം. ഉത്തരവുകള്‍ ഇറക്കാനുള്ള അധികാരത്തെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞ ശേഷമാണ് ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ വേണ്ടതെന്ന് കോടതി വ്യക്തമാക്കിയത്. അശ്രദ്ധ മൂലമുള്ള അപകടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്.ശ്രീജിത്ത് കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങള്‍ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
വടക്കഞ്ചേരിയില്‍ അപകടമുടക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. എംവിഡി വെബ്‌സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായും എസ്.ശ്രീജിത്ത് കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികള്‍ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥര്‍ മാത്രമാനുള്ളതെന്നും എസ്.ശ്രീജിത്ത് കോടതിയില്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.