ഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് മനുഷ്യാവകാശസംഘടനകള്‍ക്കും. ബെലാറസിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യന്‍ മനുഷ്യാവകാശസംഘടനയായ മെമ്മോറിയല്‍, യുക്രെയ്ന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയ്ക്കുമാണ് പുരസ്‌കാരം. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്റെ പേരില്‍ രണ്ട് വര്‍ഷമായി വിചാരണ പോലുമില്ലാതെ തടവില്‍ കഴിയുകയാണ് ബിയാലിയറ്റ്‌സ്‌കി. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രധാനമായി പോരാടിയത്. 1996-ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം വിയാസ്‌ന എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതം സ്വന്തം രാജ്യത്തെ ജനാധിപത്യത്തെ പ്രോത്സാപ്പിക്കാനും സമാധാനപരമായ വികസനത്തിനുമായാണ് ചെലവിടുന്നത്. ബിയാലിയറ്റ്‌സ്‌കിയെ നിശ്ശബ്ദനാക്കാന്‍ ഭരണകൂടം പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശസംഘടനകള്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഇരു സംഘടനകളും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.