
ന്യൂഡെല്‍ഹി: വടക്കഞ്ചേരിയില്‍ ഒമ്പത് പേര് മരിച്ച ബസപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്കഞ്ചേരിയിലുണ്ടായ ദാരുണസംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം വിലപ്പെട്ട ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി കെ.രാജന് അറിയിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എറണാകുളം മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും പോയ വിനോദയാത്രാ സംഘമാണ് ഇന്നലെ രാത്രി 11.30ഓടെ പാലക്കാട് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തൊട്ടുമുന്നില്‍ പോവുകയായിരുന്നു കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമുള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്.