Home News നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ടേപ്പുകളിലെ ശബ്ദരേഖ ദിലീപിന്റേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ടേപ്പുകളിലെ ശബ്ദരേഖ ദിലീപിന്റേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

0

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.

ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ സംഭാഷണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നാല്‍പതോളം ടേപ്പുകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്നായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.

ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ലെന്നാണ് പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തിരിക്കുന്നതതും. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ ഒത്തുനോക്കിയാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here