
പാലക്കാട്: സ്കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് പിന്നിലിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര് മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞത്. അഞ്ച് വിദ്യാര്‍ത്ഥികളും അധ്യാപകനായ ഒരാളും മൂന്ന് കെ.എസ്.ആര്.ടി.സി യാത്രക്കാരും മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
സ്കൂളില്‍ നിന്നും പോയ യാത്രാസംഘത്തിലെ കായികാധ്യാപകന് മുളന്തുരുത്തി സ്വദേശി കെ.കെ.വിഷ്ണു, വിദ്യാര്‍ത്ഥികളായ അഞ്ജന അജിത്, സി.എസ്.ഇമ്മാനുവേല്‍, ക്രിസ് വിന്റര്‍ ബോണ്‍ തോമസ്, ദിയ രാജേഷ്, എല്‍ന ജോസ് എന്നിവരാണ് മരിച്ചത്. കെ.എസ്.ആര്.ടി.സി യാത്രക്കാരായ തൃശ്ശൂര്‍ സ്വദേശി രോഹിത് രാജ്, കൊല്ലം സ്വദേശി ഒ.അനൂപ്, ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
വടക്കഞ്ചേരി കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലിടിയ്ക്കുകയായിരുന്നു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെല്ലാം പാലക്കാടുള്ള വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.